തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ റോഡിലിട്ട് മർദ്ദിച്ചുകൊന്നു. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ചു, അനന്തു, സൂര്യജിത്ത്, ലാലു കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
വിഷു ആഘോഷം കഴിഞ്ഞ് രാത്രി പതിനൊന്നോടെ പ്രതികൾ ബാറിൽ മദ്യപിക്കുന്നതിനിടെ മറ്റൊരാളുമായി തർക്കമുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ സുമൻ ഇടപെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. സുമനെ ബാറിനുള്ളിലിട്ട് പ്രതികൾ മർദ്ദിച്ചിരിന്നു. ശേഷം അവിടെനിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിനെ പിന്തുടർന്ന് റോഡിലിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
സുമന്റെ തലയ്ക്കും മുഖത്തും നെഞ്ചിലും പ്രതികൾ മാറിമാറി ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിൽ അവശനിലയിൽ വീണുകിടന്ന യുവാവിനെ അതിക്രൂരമായാണ് സംഘം ഉപദ്രവിച്ചത്. മർദ്ദനം ദൃശ്യങ്ങളിൽ പകർത്തിയ ആളെ പ്രതികൾ ഭീഷണിപ്പെടുത്തുന്നതും 'കേസ് വന്നാലും സാരമില്ല അവനെ ചവിട്ടെടാ' എന്ന് ഒരാൾ ആക്രോശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സുമനെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.