Trending

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: ഭർത്താവിനെതിരെ പോക്സോ കേസ്; ഡിജിപിമാർ ഹാജരാകാൻ നിർദ്ദേശം.


ഭോപ്പാല്‍: കുംഭമേളയിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനി വിവാഹിതയായത് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പെന്ന് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷൻ. കമ്മീഷൻ്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് സ്റ്റേഷനിലാണ് കേസ്. ആശുപത്രിയിലെ രേഖകളിൽ പെൺകുട്ടിക്ക് 16 വയസ്സ് ആണെന്ന് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ പറയുന്നു. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാര്‍ക്ക് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വിവാഹത്തിന് സിപിഐഎം, പോപ്പുലര്‍ ഫ്രണ്ട് ഇടപെടലുണ്ടോയെന്ന് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു.

കഴിഞ്ഞ മാര്‍ച്ച് 11ന് ആയിരുന്നു ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിയും വിവാഹിതരായത്. തിരുവനന്തപുരം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. കുടുംബം വിവാഹത്തിന് തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും കേരളത്തിലെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അതിനാലാണ് സഹായം തേടി പോലീസ് സ്റ്റേഷനിലെത്തിയത്.

തനിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് കാട്ടി വിവാഹസമയത്ത് പെണ്‍കുട്ടി സര്‍ട്ടിഫിക്കറ്റുകള്‍ മാധ്യമങ്ങള്‍ക്ക് കാണിച്ചിരുന്നു. എന്നാല്‍, വിവാഹ സമയത്ത് കുട്ടിക്ക് പ്രായം 16 വയസ്സും രണ്ടു മാസവും മാത്രമാണെന്നാണ് പട്ടികവര്‍ഗ്ഗ കമ്മീഷൻ്റെ കണ്ടെത്തൽ. ആശുപത്രിയിലെ രേഖകളില്‍ ജനന തിയ്യതി 2009 ഡിസംബര്‍ 30 ആണെന്നും ഇവര്‍ പറയുന്നു. വിവാഹത്തിന് പെണ്‍കുട്ടി ഹാജരാക്കിയ രേഖ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കമ്മീഷന്‍ പറയുന്നു.

Post a Comment

Previous Post Next Post