കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർമാരടക്കം 28 പേർക്ക് പരിക്ക്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടപ്പള്ളിയിൽ നിന്ന് മലപ്പുറത്തേക്ക് മടങ്ങുന്ന പോലീസ് സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.
കൊല്ലം പെട്രോൾ പമ്പിന് അടുത്ത് ശനിയാഴ്ച അർദ്ധരാത്രി 12.45 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സിൽ എതിർ ദിശയിൽ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.
അപകടത്തിൽ തകർന്ന വാഹനങ്ങളുടെ ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങിപ്പോയി. കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങളുടെ ഡോർ കട്ട് ചെയ്ത് നീക്കിയ ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. പരിക്കേറ്റ 28 പേരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. എസ്എഫ്ആർഒ ഐ.ഷിജിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ ബി. ഹേമന്ദ്, ടി.കെ ഇർഷാദ്, എൻ.പി അനൂപ്, കെ.പി നവീൻകുമാർ, ഐ. ഇന്ദ്രജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.