കോഴിക്കോട്: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ആലപ്പുഴ കണ്ടല്ലൂർ പുതിയാവിള മീനത്തിൽ പുതുവൽ വീട്ടിൽ പ്രകാശിന്റെ മകൻ ഗിരിപ്രകാശ് (24) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.
സരോവരത്ത് വെച്ച് ബസ്സിനടിയിൽ കയറി റിപ്പയറിങ് ജോലി ചെയ്യുകയായിരുന്നു ഗിരിപ്രകാശും കണ്ണൂർ സ്വദേശി അശ്വിനും. ഈ സമയത്ത് ബസ് ഉയർത്തി നിർത്തിയിരുന്ന ജാക്കി അപ്രതീക്ഷിതമായി തെന്നി മാറുകയായിരുന്നു. ഇതോടെ ബസിന്റെ ഭാരം മുഴുവൻ ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി അശ്വിൻ എന്നയാളുടെ കാലിനു മുകളിലേക്കും ബസ് വീണു.
അപകടത്തിൽ പരിക്കേറ്റ രണ്ടു തൊഴിലാളികളെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഗിരിപ്രകാശിനെ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന തൊഴിലാളി ചികിത്സയിലാണ്. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.