ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടൽ അടിച്ചു തകർത്തു. ആലപ്പുഴ ഹരിപ്പാട് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും തകർത്തതിന് പുറമെ ഹോട്ടൽ ജീവനക്കാരിയെയും ഇയാൾ മർദ്ദിച്ചു.
ഹരിപ്പാടുള്ള ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതിയിലുള്ള ‘ചിക്കൻ ചിക്കാഗോ’ എന്ന ഹോട്ടലിലാണ് അതിക്രമം നടന്നത്. പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കൂടുതൽ ചിക്കൻ നൽകാമെന്ന് പറഞ്ഞിട്ടും ജീവനക്കാരനെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും മനോവിഷമമുണ്ടാക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
കഴിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡ് റൈസും പാത്രവും പ്രതി എടുത്തെറിയുകയും ചെയ്തു. തുടർന്നാണ് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടറും ജീവനക്കാരിയുടെ ദേഹത്തേക്ക് വലിച്ചിട്ടത്. സ്ഥാപനത്തിന് 35,000 രൂപയോളം നഷ്‌ടമുണ്ടായതെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത ഹരിപ്പാട് പോലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.