മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞ ദിവസം ഹൃദയസ്തംഭനത്തെ തുടർന്ന് ആശാ ഭോസ്‌ലയെ മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നെഞ്ചിൽ അണുബാധയുണ്ടായതായി ബന്ധുക്കള്‍ അറിയിച്ചു. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
കാലത്തെ അതിജീവിക്കുന്ന ശബ്ദം കൊണ്ട് വ്യത്യസ്തയായ ഗായിക പാടിവെച്ചത് 20 ഭാഷകളിലായി 11,000 ലേറെ പാട്ടുകളാണ്. പത്മവിഭൂഷണ്‍, ദാദാ ഫാല്‍കെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരി ലത മങ്കേഷ്കറിനൊപ്പം പാടിയത് 50 ഗാനങ്ങളാണ്. പ്രിയ പങ്കാളി ആർ.ഡി.ബര്‍മന്‍ ഈണമിട്ട് ആശ പാടിയത് അറുന്നൂറിലേറേയാണ്.
പത്താം വയസ്സിലാണ് ആശ ചലച്ചിത്ര സംഗീത ലോകത്തേക്കെത്തിയത്. ക്ലാസിക്കല്‍ സംഗീതം, നാടന്‍ പാട്ടുകള്‍, പോപ്, ഖവാലി, ഗസല്‍, ഭജന എന്നിവയെല്ലാം അനായാസേന കൈകാര്യം ചെയ്തു. 1977 ൽ പുറത്തിറങ്ങിയ 'സുജാത' എന്ന മലയാള ചിത്രത്തിലും ആശാ ഭോസ്‌ലേ പാടി. സഹോദരി ലതാ മങ്കേഷ്കറെ അനുകരിക്കാന്‍ ശ്രമിക്കാതെ, സ്വന്തമായൊരു ശൈലി ഉണ്ടാക്കി എടുക്കാനാണ് ആശാ ഭോസ്‌ലേ ശ്രമിച്ചത്.
ബോളിവുഡിൽ ആശയിലെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ ഒ.പി നയ്യാർ 1956 ൽ സിഐഡി എന്ന ചിത്രത്തിലെ പാട്ടിലൂടെ ആശയ്ക്കൊരു ബ്രേക്ക് നൽകി. പിന്നീട് അങ്ങോട്ട് നയ്യാർ- ഭോസ്‌ലേ കൂട്ടുകെട്ടിൽ പിറന്നത് 300ലേറെ പാട്ടുകളായിരുന്നു. പിന്നീട് സംഗീതലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടാണ് പിറന്നത്. ആര്‍.ഡി ബര്‍മന്‍, ആശാ ബോസ്ലെ ഗാനങ്ങള്‍ ആ പ്രണയം പോലെ മധുരമുള്ളതായി.
അള്ളാ റഖ, എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.നയ്യാർ, ഇളയരാജ, എ.ആര്‍.റഹ്മാന്‍ എന്നു തുടങ്ങി 50 ഓളം സംഗീത സംവിധായകര്‍ക്ക് വേണ്ടി ആശാ ഭോസ്‌ലേ പാടിയിട്ടുണ്ട്. 1990കളിലും 2000ന്റെ തുടക്കത്തിലും എ.ആര്‍ റഹ്മാനൊപ്പം ചേര്‍ന്ന് ഹിറ്റ് ഐകോണിക് പാട്ടുകള്‍. കഭി തോ നസര്‍മിലാവോ പോലുള്ള ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി.
ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ്‌ലേ. 2000ല്‍ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നല്‍കി രാജ്യം ഈ 'മെലഡി റാണി'യെ ആദരിച്ചു. തനതായ 'ഭോസ്‌ലേ ടച്ച്' നൽകി ആശ പാടിയ പാട്ടുകളെയെല്ലാം അനശ്വരമാക്കി.