വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ പങ്കെടുത്ത ഹോട്ടലിൽ വെടിവെപ്പ്. 31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. ഇയാളെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. നിലത്ത് കമിഴ്ന്ന് കിടക്കുന്ന ഇയാളെ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പ്രതി നഗ്നനായതിൽ കീഴ്ഭാഗം പത്രങ്ങൾ കൊണ്ട് മൂടിയ നിലയിലായിരുന്നു.
കലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ അധ്യാപകനാണെന്നാണ് പ്രാഥമിക വിവരം. കോൾ അലൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ഇയാൾ വലിയതോതിൽ ആയുധം കൈവശം വച്ചിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു. കോൾ അലൻ പരിപാടി നടന്ന ഹോട്ടലിൽ താമസിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരമെന്ന് വാഷിങ്ടൻ ഡിസി പോലീസ് മേധാവി ജെഫ്രി ഡബ്ല്യു കാരൾ പറഞ്ഞു. അതേസമയം, ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി എട്ടരയോടെ (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. വെടിയൊച്ച കേട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും സുരക്ഷിതമായി ചടങ്ങിൽ നിന്ന് മാറ്റി. പ്രതിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിവെപ്പില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.