കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ സ്ത്രീ മരിച്ചു. മുതുകുടയിലെ നബീസ (70) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലയോടെ മരിച്ചു.
വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. പിന്നീട് മരുമകനാണ് ഇവർ വീടിനുള്ളിൽ അവശനിലയിൽ തളർന്നു കിടയ്ക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോൾ സംസാരിക്കാനോ കണ്ണുകൾ തുറക്കാനോ കഴിയാത്ത വിധം ഇവർ അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
തുടർന്ന് ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. വീടിനുള്ളിൽ വച്ചാണ് കടിയേറ്റത് എന്നതിനാലും പ്രഥമദൃഷ്ട്യാ പാമ്പുകടിച്ചതാണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്തതിനാലും ശംഖുവരയൻ പാമ്പ് ആവാം കടിച്ചതെന്നാണ് ഡോക്ടർമാരും പോലീസും പ്രധാനമായും സംശയിക്കുന്നത്.