Trending

എളേറ്റില്‍ വട്ടോളിയിൽ യുവാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; മർദ്ദനത്തിൽ മൂന്നു പേർക്ക് പരിക്ക്.


എളേറ്റില്‍: എളേറ്റില്‍ വട്ടോളിയിൽ യുവാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. കഴിഞ്ഞ ബുധനാഴ്ച വീണപാറയിലുള്ള അൽക്കോ ബേക്കറിക്ക് സമീപം രാത്രി ഏഴരയോടെയാണ് യുവാക്കള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്. ഏതോ യുവാവിനെ അന്വേഷിച്ചെത്തിയ 25 ഓളം വരുന്ന ആളുകളാണ് രണ്ടു സംഘമായെത്തി ആക്രമണം നടത്തിയത്.  

വിവാഹ വീട്ടിലേക്ക് ചപ്പാത്തി വാങ്ങാൻ എത്തിയതായിരുന്നു യുവാക്കൾ. ചപ്പാത്തിക്ക് ബേ ഓർഡർ നൽകിയ ശേഷം ബേക്കറിയുടെ മുൻവശത്ത് നിൽക്കുകയായിരുന്ന പന്നൂര്‍ സ്വദേശികളായ ഇ.കെ മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായത്. 

പന്നൂര്‍ സ്വദേശികളാണോ എന്നും ചോദിച്ചെത്തിയ സംഘം നിങ്ങളൊക്കെ അവന്റെ ഗാങ്ങ് അല്ലേ എന്നും പറഞ്ഞായിരുന്നു അക്രമം. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയേറ്റ് റാസിഖിന്റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റു. പത്തോളം വരുന്ന ആദ്യ സംഘത്തിന്റെ അക്രമം കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിൽ പതിനഞ്ചോളം വരുന്ന മറ്റൊരു സംഘം എത്തി വീണ്ടും മര്‍ദ്ദിച്ചു. 

അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ബേക്കറിയുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ എളേറ്റില്‍ വട്ടോളി സ്വദേശി സഫീര്‍, താമരശ്ശേരി കാരാടി സ്വദേശി അന്‍സിഫ് എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയുന്നവർക്കുമെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരെയും പിടികൂടിയിട്ടില്ല.

Post a Comment

Previous Post Next Post