ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ് ഉണ്ടായേക്കുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധിപ്പിക്കേണ്ടി വരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് നൽകുന്ന സൂചന. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളും ക്രൂഡോയിൽ വിതരണത്തിലെ കുറവും ആഗോള വിപണിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
നിലവിൽ ബാരലിന് ഏതാണ്ട് 120 ഡോളർ എന്ന നിരക്കിലാണ് അസംസ്‌കൃത എണ്ണയുടെ വില. രാജ്യാന്തര തലത്തിൽ വില ഇത്രയധികം ഉയർന്നിട്ടും ഇന്ത്യയിലെ എണ്ണക്കമ്പനികൾ ആഭ്യന്തര വിപണിയിൽ വില വർദ്ധിപ്പിക്കാൻ തയ്യാറായിട്ടില്ല. ഇത് എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് പ്രതിമാസം ഏതാണ്ട് 27,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ബില്ലിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവിൽ 13-15 ശതമാനം കുറവുണ്ടായിട്ടും വിലക്കയറ്റം കാരണം പ്രതിദിനം 190 മുതൽ 210 ദശലക്ഷം ഡോളർ വരെ അധികമായി ചെലവാക്കേണ്ടി വരുന്നു. സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചതും കയറ്റുമതിയിൽ വിൻഡ്‌ഫോൾ ടാക്സ് ഏർപ്പെടുത്തിയതും ഭാഗികമായ ആശ്വാസം മാത്രമാണ് നൽകുന്നത്.