കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊയിലാണ്ടി കോമത്ത്കര സ്വദേശി തോട്ടത്തിൽ താഴെ സുബിലാഷ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടു കൂടിയായിരുന്നു സംഭവം.
ഭക്ഷണം വാങ്ങി വരുമ്പോൾ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ഡ്യൂക്ക് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ സുബിലാഷ് ഇന്ന് പുലർച്ചെ നാലോടു കൂടിയാണ് മരിച്ചത്.
കൊയിലാണ്ടി ആപ്തമിത്രയിൽ സിവിൽ ഡിഫൻസ് അംഗം കൂടിയാണ് സുബിലാഷ്. അച്ഛൻ: വാസു. അമ്മ: ലീല. ഭാര്യ: വിധു. മകൻ: ധാൻവിക്. സഹോദരൻ: സുധി.