എലത്തൂർ: എലത്തൂരിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും ഓലപ്പടക്കങ്ങളും പിടികൂടി. സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ടുപേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എലത്തൂരിൽ 184 കിലോഗ്രാം വെടിമരുന്നുകളും ഓലപ്പടക്കങ്ങളും പോലീസ് പിടികൂടിയത്.
എലത്തൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാക്കിൽ കെട്ടിയ നിലയിലും അലക്ഷ്യമായ നിലയിലും സൂക്ഷിച്ച വെടിമരുന്നുകളും ഓലപ്പടക്കങ്ങളും പിടിച്ചെടുത്തത്. ബിനീഷ്, മനോജ് എന്നിവർക്കെതിരെ സ്ഫോടക വസ്തു നിയമപ്രകാരം പോലീസ് കേസെടുത്തു. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
വിഷുക്കാലമായതോട് കൂടി ജില്ലയിലൊട്ടാകെ ഇത്തരത്തിൽ വിവിധ കേന്ദ്രങ്ങളിൽ വാടകയ്ക്കെടുത്തും രഹസ്യമായും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപകമായി പോലീസ് പരിശോധന തുടരുകയാണ്.