മുക്കം: കാരശ്ശേരി ഊരാളിക്കുന്ന് കൊളക്കാടൻമലയിൽ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് വയോധികന് ദാരുണാന്ത്യം. തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടി (65) ആണ് മരിച്ചത്. സ്വതന്ത്ര കർഷകസംഘം കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. അലവികുട്ടിയും ഭാര്യയും ജീപ്പിൽ അവരുടെ കൃഷി സ്ഥലത്തേക്ക് പോവുകയായിരുന്നു. ഊരാളിക്കുന്ന് കൊളക്കാടൻമലയിൽ എത്തിയപ്പോൾ ജീപ്പ് ബ്രേക്ക് നഷ്ട്ടപ്പെട്ട് താഴേയ്ക്ക് പോയി. അലവിക്കുട്ടി ജീപ്പിൽ നിന്നും ഇറങ്ങി ചക്രത്തിനടിയിൽ കല്ല് വെക്കുന്നതിനിടയിൽ ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു.
കാരശ്ശേരി പഞ്ചായത്ത് മുൻ വാർഡ് മെമ്പർ ശിവദാസന്റെ നേതൃത്വത്തിൽ മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലവിൽ കെഎംസിടി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. അവിടെ വെച്ച് നടക്കുന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതാണ്.
കർഷകരുടെ പ്രശ്നങ്ങളിലും രാഷ്ട്രീയ-സാമൂഹിക മേഖലകളിലും സജീവമായി ഇടപെട്ടിരുന്ന അലവിക്കുട്ടിയുടെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.