Trending

സ്വഭാവദൂഷ്യം 16കാരി വീട്ടിൽ അറിയിച്ചു, അതോടെ പുറത്താക്കപ്പെട്ടു; യുവാവിൻ്റെ ക്രൂരത വൈരാഗ്യത്തിൽ?

കോഴിക്കോട്: മൂഴിക്കലിൽ 16കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത യുവാവ് സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് വിവരം. മോഷണശ്രമം ഉൾപ്പെടെയുള്ള സ്വഭാവ ദൂഷ്യം കാരണം അദിനാനെ തറവാട്ടുവീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് യുവാവിനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സംശയം. നസ്‌റീനയെ മാത്രമല്ല വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരേയും കൊലപ്പെടുത്താൻ അദിനാൻ ശ്രമിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. മൂഴിക്കൽ പൂതം കുഴിയിൽ ഹംസ-സഫിയ ദമ്പതികളുടെ മക്കളാണ് ഇരുവരുടെയും ഉമ്മമാർ. നിസാർ-റംസീന ദമ്പതിമാരുടെ മകളാണ് മരിച്ച നസ്‌റീന (16). അഷ്‌റഫ്-അസീന ദമ്പതിമാരുടെ മകനാണ് മരിച്ച അദിനാൻ (20).

അദിനാന്റെ വീട് പൊന്നാനിയിൽ ആണെങ്കിലും മൂഴിക്കലിലെ തറവാട്ട് വീട്ടിലാണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട നസ്‌റീനയും ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നും അദിനാൻ പണം മോഷ്ടിക്കുമായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നസ്‌റീന ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. ഇതിനു പിന്നാലെയാണ് അദിനാന് തറവാട്ടുവീട്ടിൽ കയറുന്നതിന് വിലക്കുണ്ടായത്. അങ്ങനെയാണ്, ആറുമാസം മുമ്പ് അദിനാൻ കൊളത്തറയിലേക്ക് താമസം മാറിയത്. ഈ സംഭവത്തിന്റെ വൈരാഗ്യമാണ് അദിനാനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സംശയം. മൂഴിക്കലെത്തിയ അദിനാൻ കള്ളതാക്കോലിട്ട് വീട് തുറന്നാണ് കൃത്യം നടത്തിയത്.

ചൊവ്വാഴ്ച അതിരാവിലെ അഞ്ചരയോടെയാണ് സംഭവം നടന്നത്. സംഭവസമയം വീട്ടിലുണ്ടായിരുന്നത് മരിച്ച നസ്‌റീനയും, ഉമ്മ റംസീനയും, ഉമ്മുമ്മ സഫിയയുമാണ്. കള്ളതാക്കോലിട്ട് അകത്ത് കടന്ന അദിനാൻ ആദ്യം ആക്രമിച്ചത് നസ്‌റിയയെ ആണ്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഉമ്മുമ്മയേയും കൊല്ലാൻ ശ്രമിച്ചു. ഉമ്മുമ്മയുടെ ബഹളം കേട്ടാണ് മറ്റ് ബന്ധുക്കൾ ഓടിക്കൂടിയത്. ആളുകൂടിയതോടെ വെപ്രാളത്തിൽ ഒരു മുറിയിൽ കയറിയ അദിനാനെ ബന്ധുക്കൾ പൂട്ടിയിട്ടു. പിന്നാലെ നസ്‌റീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരികെ എത്തിയപ്പോഴാണ് അദിനാനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം പൂർത്തിയായാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

Post a Comment

Previous Post Next Post