കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ തർക്കം. സ്വകാര്യ ബസ് ജീവനക്കാരൻ മറ്റൊരു ബസ്സിന്റെ ചില്ല് അടിച്ച് തകർത്തു. കോഴിക്കോട്- മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിന്റെ ചില്ലാണ് തകർത്തത്. തിരുവമ്പാടി-കോഴിക്കോട് ഓടുന്ന ബസ്സിൻ്റെ ജീവനക്കാരൻ ഷാനോ അഗസ്റ്റിനാണ് ചില്ല് തകർത്തത്. ഇന്ന് രാവിലെ 7.15 ഓടെയാണ് സംഭവം.
സമയത്തെച്ചൊല്ലിയുള്ള പ്രശ്നമാണ് തർക്കത്തിലേക്ക് നയിച്ചത്. രാവിലെ ബസ് സ്റ്റാൻഡിൽ നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ലിവർ ഉപയോഗിച്ച് ഷാനോ ചില്ല് അടിച്ചു തകർത്തത്. കക്കാടംപൊയിൽ സ്വദേശി ഷാനോ അഗസ്റ്റിൻ സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കെതിരെ നേരത്തെയും കേസുണ്ടായിരുന്നുവെന്നാണ് ചില്ല് തകർക്കപ്പെട്ട ബസ്സിലെ ജീവനക്കാർ ആരോപിക്കുന്നത്. ഇരു ബസ്സുകളും കസബ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.