Trending

നടുവണ്ണൂരിൽ പടവു കെട്ടുന്നതിനിടെ കിണറ്റിൽ വീണ തൊഴിലാളികൾക്ക് രക്ഷകരായി അഗ്നി രക്ഷാസേന.


നടുവണ്ണൂർ: നടുവണ്ണൂർ കിണറിന്റെ പടവുകെട്ടി തേക്കുന്നതിനിടെ തട്ട് പൊട്ടി താഴേയ്ക്ക് വീണ മൂന്നു തൊഴിലാളികൾ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. നടുവണ്ണൂർ അഞ്ഞോളി മുക്കിന് സമീപം സന്തോഷ് കണ്ണച്ചികണ്ടിയുടെ വീട്ടുപറമ്പിലെ കിണറ്റിലായിരുന്നു അപകടം. ഏകദേശം 9 മീറ്റർ ആഴവും മൂന്ന് മീറ്റർ വീതിയുമുള്ള കിണറ്റിൽ 15 അടിയോളം താഴ്ചയിലേക്കാണ് തൊഴിലാളികൾ പതിച്ചത്. കണ്ണച്ചികണ്ടി രാജൻ (61), തറോക്കണ്ടി മനോജ് (54), കുന്നുമ്മൽ ശ്രീലേഷ് (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. 

കിണറിനുള്ളിൽ പലകയും കമ്പിയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ തട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെ പലക മുറിഞ്ഞ് പെട്ടെന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. ഒന്നര മീറ്ററോളം വെള്ളമുണ്ടായിരുന്ന കിണറ്റിലേക്കാണ് മൂവരും വീണത്. വെള്ളത്തിൽ വീണെങ്കിലും പെട്ടെന്ന് തന്നെ പടവുകളിൽ പിടിച്ചു നിന്നതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാർക്ക് ഉടൻ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പേരാമ്പ്രയിലെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. 

സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന കിണറ്റിലിറങ്ങി മൂന്നു പേരെയും കുട്ടയിൽ കെട്ടി സുരക്ഷിതമായി പുറത്തെത്തിച്ചു. ​തുടർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നത് ആശ്വാസകരമായി. സ്റ്റേഷൻ ഓഫീസർ പി.കെ ഭരതന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഒ മജീദ് എം, സജിത്ത്.പി, അജേഷ് കെ, ജിനേഷ് ആർ, ജിഷാദ് എം.കെ, മകേഷ് എം.ടി, മനോജ് എം, ഹോം ഗാർഡുമാരായ അജീഷ് എ.സി, വിജേഷ് വി.എൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Post a Comment

Previous Post Next Post