കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് കിലോയോളം വരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40) നെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റു ചെയ്തത്. 1.58 കോടി രൂപ വില വരുന്ന എം.ഡി.എം.എ ബാഗേജിലെ ചോക്ലേറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മസ്കറ്റിൽ നിന്ന് ഒമാൻ എയർ വിമാനത്തിലാണ് ഇയാളെത്തിയത്. ഇയാളുടെ സഹായി എന്ന സംശയത്തിൽ വിമാനത്താവളത്തിലെ പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ വിവരം ലഭിച്ചതനുസരിച്ച് കോഴിക്കോട്, കൊച്ചി, കണ്ണൂർ യൂണിറ്റുകളിലെ ഡി.ആർ.ഐ. ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി കരിപ്പൂരിലെത്തിയിരുന്നു. ഒരു സംഘം യാത്രക്കാരെന്ന വ്യാജേന കസ്റ്റംസ് ഹാളിൽ യാത്രക്കാരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. രണ്ടാമത്തെ സംഘം വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്നു. ഹാരിസിനെ പിന്തുടർന്ന ഡി.ആർ.ഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. ഫോൺ പരിശോധിച്ചതിൽ നിന്നും കരിപ്പൂരിലെ പോലീസുകാരന്റെ നമ്പറിലേക്കും തിരിച്ചും മെസേജുകൾ അയച്ചതായി കണ്ടെത്തി.
തുടർന്ന് പുറത്തുണ്ടായിരുന്ന സംഘം പോലീസ് എയ്ഡ്പോസ്റ്റ് വളഞ്ഞാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ കൈവശം രണ്ട് ഫോണുകൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് പുറത്തേക്കെറിഞ്ഞുവെന്നും ഫോൺ പിന്നീട് തങ്ങൾ കണ്ടെടുത്തുവെന്നും ഡി.ആർ.ഐ. സംഘം അറിയിച്ചു. ചോദ്യം ചെയ്തശേഷം പോലീസ് ഉദ്യോഗസ്ഥനെ നോട്ടീസ് നൽകി വിട്ടയച്ചു.
മയക്കുമരുന്ന് സംഘങ്ങൾക്ക് പോലീസിൽ നിന്ന് രഹസ്യസഹായം ലഭിക്കുന്നതായി ഡി.ആർ.ഐക്ക് സംശയമുണ്ടായിരുന്നു. എറണാകുളം സ്വദേശിനി എം.ഡി.എം.എ കടത്തിയ കേസിലും, കരിപ്പൂരിലെ ഒരു വീട്ടിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസിലും പോലീസിൻ്റെ സഹായം സംശയിച്ചിരുന്നു. ഇതിൽ അന്വേഷണം നടന്നുവരുകയാണ്.
അതേസമയം, നിലവിൽ പോലീസുകാരനെതിരേ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത ഫോൺ ശാസ്ത്രീയ പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ കൃത്യത വരുത്താനാകൂ എന്നും ഡി.ആർ.ഐ അറിയിച്ചു. സംഭവത്തിൽ പ്രതികരിക്കാൻ കരിപ്പൂർ പോലീസ് തയ്യാറായില്ല.