Trending

അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ 8 വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; മൂത്തകുട്ടി ഗുരുതരാവസ്ഥയിൽ.


തൃശ്ശൂർ: തൃശൂർ കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ അൻജോ ഗുരുതരാവസ്ഥയിൽ കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്. മൂത്തമകൻ അൻജോ (10) പുലർച്ചെ അഞ്ചരയോടെ അമ്മയെ വിളിച്ചുണർത്തുകയായിരുന്നു. കുട്ടികളെ അവശനിലയിൽ കണ്ടതോടെ ഉടനെ ബൈക്കിൽ സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തി. തുടർന്ന് രണ്ടു കുട്ടികളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോ മരിച്ചിരുന്നു.

പുലർച്ചെ രണ്ടുമണിയോടെ വയറുവേദനയെന്ന് പറഞ്ഞ് രണ്ടു കുട്ടികളും ഉണർന്നിരുന്നു. തുടർന്ന് ചൂടുവെള്ളം തിളപ്പിച്ച് കൊടുത്തു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. അതിനാൽ ഭക്ഷ്യവിഷബാധ എന്നാണ് വീട്ടുകാർ കരുതിയത്. ആശുപത്രി അധികൃതർ പാമ്പുകടിച്ചോ എന്നന്വേഷിച്ചതിനെ തുടർന്ന് തിരിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽനിന്ന് പുറത്തേയ്ക്ക് വന്ന പാമ്പിനെ കണ്ടത്. 

കടമ്പോട് എ.എൽ.പി.എസിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആൽജോ. കുട്ടിയുടെ ചുണ്ടിൽ കടിച്ചതെന്ന് സംശയിക്കുന്ന പാമ്പിനെ കണ്ടെത്തി. ഇവരുടെ സഹോദരി എയ്ഞ്ചൽ സംഭവ സമയത്ത് വെള്ളിക്കുളങ്ങരയിലെ അമ്മയുടെ വീട്ടിലായിരുന്നു.

Post a Comment

Previous Post Next Post