പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പതിനഞ്ചുകാരിയെ കാണാതായി. കര്‍ണാടക ചിക്കമംഗ്ലൂര്‍ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വച്ചാണ് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാതായത്. കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശിയായ രമേശ് ഗോപാലന്റെ മകള്‍ ശ്രീനന്ദയെയാണ് കാണാതായത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ കാണാതായ കുട്ടിയെ കുറിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവുമില്ല. 40 അംഗ കുടുംബത്തോടൊപ്പം കുട്ടി വ്യൂ പോയിന്റില്‍ എത്തിയിരുന്നു. പിന്നീട് അവിടെ വച്ച് കുട്ടിയെ കാണാതായതായി ബന്ധുക്കള്‍ പറഞ്ഞു. ചിക്കമംഗളൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ വ്യൂ പോയിന്റിന് സമീപം തിരച്ചിൽ തുടരുകയാണ്. സമീപത്തെ രണ്ട് കൊക്കകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.