റിയാദ്: സൗദി അറേബ്യയിൽ വിഷവാതകം ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു. മലപ്പുറം നെടുംപറമ്പ് കാങ്കട കടവൻ ഇസ്മായിൽ (51) ആണ് മരിച്ചത്. മലിനജല പൈപ്പുലൈൻ ക്ലീൻ ചെയ്യാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം. മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇസ്മായിൽ താമസിച്ചിരുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പുലൈൻ ശുദ്ധീകരിക്കുന്നതിനായി സൾഫ്യൂരിക് ആസിഡ് ഉപയോഗിച്ചിരുന്നു. ഇതിൽ നിന്നുള്ള വാതകമാണ് അപകടത്തിന് ഇടയാക്കിയത്. ആസിഡ് ഒഴിച്ചതറിയാതെ ശുചിമുറിയിൽ കയറിയ ഇസ്മായിൽ വിഷവാതകം ശ്വസിച്ച് ബോധരഹിതനാവുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉടനെ തന്നെ ഇസ്മായിലിനെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ് ആലസ്സൻകുട്ടിയാണ് പിതാവ്. ഭാര്യ: നസീറ. മക്കൾ: ഫാത്വിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ.