കോഴിക്കോട്: സ്പെഷ്യൽ ഭക്ഷണം കഴിക്കാൻ കോഴിക്കോട്ടേക്ക് തത്ക്കാലം ആരും വണ്ടി കയറണമെന്നില്ല. 3800 രൂപ കൊടുത്ത് ഉഡുപ്പിയില്‍ നിന്ന് എത്തിക്കുന്ന എൽപിജി സിലിണ്ടര്‍ കൊണ്ട് സ്പെഷ്യൽ പോയിട്ട് സാധാരണ വിഭവങ്ങള്‍ പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഹോട്ടലുകാര്‍. ഭക്ഷണത്തോട് അല്പം കൂടുതല്‍ മോഹബത്തുള്ളവര്‍ ആദ്യം എത്തുക കോഴിക്കോട്ടേക്കാണ്. എന്നാല്‍ ഇപ്പോള്‍ വന്നാല്‍ നിരാശയില്‍ മടങ്ങേണ്ടി വരും കാരണം.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ നമ്മടെ ഹോട്ടലുകളുടെയെല്ലാം ഗ്യാസ് തീര്‍ന്ന അവസ്ഥയാണ്. ഏറ്റവും കൂടുതല്‍ ഹോട്ടലുകളുള്ള നഗരമേതെന്ന് ചോദിച്ചാല്‍ ഉത്തരം കോഴിക്കോടാണ്. പക്ഷേ ഭൂരിഭാഗവും പാചകവാതകം ഇല്ലാത്തത് കാരണം അടച്ചു. തുറന്ന കടകളിലാകട്ടെ വിഭവങ്ങളും കുറവ്. ഇഷ്ട ഭക്ഷണം തിരിക്കി വരുന്നവരെ നിരാശയോടെ പറഞ്ഞയക്കേണ്ട ഗതികേടിലാണ് കടയുടമകള്‍.
രണ്ടും മൂന്നും ഇരട്ടി പണം കൊടുത്താണ് സ്വകാര്യ ഏജന്‍സിയില്‍ നിന്നും സിലിണ്ടറുകള്‍ വാങ്ങുന്നത്. അതുകൊണ്ടുതന്നെ പലരും വിഭവങ്ങളുടെ വിലയും കൂട്ടി. മറ്റ് ചിലരാകട്ടെ വിറകടുപ്പുകളുടെ സഹായത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. ചെറിയ തട്ടുകടകളെല്ലാം എന്നേ അടച്ചു. തുറന്നിട്ടുള്ള കടകളിലെല്ലാം വന്‍ തിരക്കുമാണ്.