Trending

പ്രശ്‌ന പരിഹാരത്തിനെത്തിയ യുവതി പൂജാരിയുടെ ആഭരണങ്ങള്‍ കവര്‍ന്നു.


തൃശൂർ: പ്രശ്നപരിഹാരത്തിന് പൂജാരിയുടെ വീട്ടിലെത്തിയ യുവതി 12 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. പൂജാരിയായ കൊടകര മറ്റത്തൂര്‍ മൂലംകുടം സ്വദേശി അജേഷൻ്റെ വീട്ടിലെത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരി 16ന് ആയിരുന്നു സംഭവം. വീട്ടിലെ ബെഡ്‌റൂമിലെ അലമാരക്കുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പൂജാരിയുടെ ഭാര്യയുടെ 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിൽ അധികം വില വരുന്നതുമായ സ്വര്‍ണാഭരണങ്ങളാണ് പ്രതി കവര്‍ന്നത്. യുവതി പ്രശ്‌നപരിഹാരത്തിനായി ഇടയ്ക്കിടെ പൂജാരിയുടെ വീട്ടില്‍ വരാറുണ്ട്. പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്താണ് യുവതി തന്ത്രപൂര്‍വം അലമാരയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പ്രതി പുതിയ സ്വര്‍ണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിലായിരുന്ന സ്വന്തം ആഭരണങ്ങള്‍ തിരിച്ചെടുത്തു. ആര്‍ഭാട ജീവിതം നയിച്ചു വരുന്നതിനിടെയാണ് യുവതി പോലീസിന്റെ വലയിലായത്. കൊടകര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെര്‍ലിന്‍ വി.സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post