Trending

അടിമാലിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; 16 വിദ്യാർത്ഥികൾക്ക് പരിക്ക്.


ഇടുക്കി: അടിമാലി കുഞ്ചിത്തണ്ണിയിൽ സ്കൂൾ ബസ്സ് നിയന്ത്രണംവിട്ട് മതിലിലും വൈദ്യുതി തൂണിലും ഇടിച്ച് 16 വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ഉടുമ്പൻചോല- രണ്ടാം മൈൽ റോഡിൽ ബ്രോഡ്വിൻ റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്.

പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഒൻപതാം തരത്തിലെ പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ. അപകട സമയത്ത് 30 അധികം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. വലിയ ശബ്ദത്തോടെ ബസ് ഇടിച്ചതോടെ പ്രദേശവാസികൾ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റ 16 വിദ്യാർത്ഥികളെയും ഉടൻതന്നെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം നാല് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി അടിമാലി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ വിദ്യാർത്ഥികൾ കുഞ്ചിത്തണ്ണിയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 

പ്രദേശത്ത് മഴ പെയ്തതിന് പിന്നാലെ റോഡിലൂടെ വന്ന ബസ് പെട്ടെന്ന് തെന്നിമാറി സ്വകാര്യ വ്യക്തിയുടെ മതിലിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post