കോഴിക്കോട്: മലബാറിൽ പ്രതീക്ഷിക്കാതെ പെയ്ത വേനല്‍ മഴയിൽ വ്യാപക നാശം. മലപ്പുറം എടവണ്ണയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെ മിന്നലേല്‍ക്കുകയായിരുന്നു. ഉടനെ തന്നെ എടവണ്ണ രാജഗിരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളില്‍ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് മാവൂരിൽ മരങ്ങൾ കടപുഴകി നാലു വീടുകൾ ഭാഗികമായി തകർന്നു. കൂളിമാട്- കളൻതോട് റോഡ് കനത്ത മഴയിൽ ഒലിച്ചുപ്പോയി. വൈദ്യുതി പോസ്റ്റുകൾ വീണ് പല ഭാഗങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. പലയിടത്തും ഗതാഗതം ഭാഗികമായി നിലച്ചിട്ടുണ്ട്. മലയോര മേഖലയില്‍ പല സ്ഥലത്തും വൈദ്യുതി പോസ്റ്റിനു മുകളില്‍ മരം കടപുഴകി വീണതിനാല്‍ വൈദ്യുതി ബന്ധം താറുമാറായി. മരം വീണ് മൂന്ന് വീടുകള്‍ ഭാഗകമായി തകര്‍ന്നു.
മലപ്പുറം കൊണ്ടോട്ടിയില്‍ മഴയിലും കാറ്റിലും കൃഷിനശിച്ചു. നെടിയിരുപ്പ് ചിറയില്‍ നെടുമ്പിലങ്ങാട് 600 ലേറെ കുലച്ച വാഴകളാണ് കാറ്റില്‍ മറിഞ്ഞ് വീണത്. ചിങ്ങൻ മജീദ്, പടിഞ്ഞാറെ വീട്ടില്‍ അയ്യപ്പൻ എന്നിവരുടെ വാഴകളാണ് നശിച്ചത്. കണ്ണൂർ കൂത്തുപറമ്പ് പരശൂരില്‍ വീടിന്റെ മേല്‍ക്കൂര തകർന്നു. പലയിടത്തും വെെദ്യുതി തടസപ്പെട്ടിരിക്കുകയാണ്. ചിറ്റാരിപ്പറമ്പില്‍ കടയുടെ മേല്‍ക്കൂര പറന്നുപോയി. കൂടാതെ ഇവിടുത്തെ ജിംനേഷ്യത്തിന്റെ മേല്‍ക്കൂര തകർന്നുവീണ് വൻ നാശനഷ്ടവും സംഭവിച്ചു. മൂന്ന് വീടുകള്‍ക്ക് മുകളില്‍ തെങ്ങ് വീണു. നൊടുപൊയില്‍ ടൗണിന് സമീപം റോഡില്‍ മരം കടപുഴകി ഗതാഗതം സതംഭിച്ചു.
വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കേരളത്തില്‍ ആറു ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 30 മുതല്‍ ഏപ്രില്‍ 1 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.