കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ലഹരി മരുന്നുമായി ദമ്പതികൾ അടക്കം മൂന്നുപേർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി നാദിർ നൂറുദ്ദീൻ (42), നാദിറിൻ്റെ ഭാര്യ ഐന (33), കണ്ണൂർ നടാൽ സ്വദേശി ഷാനിദ്.കെ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 41 ഗ്രാം എംഡിഎംഎയും 241 മില്ലി ഹാഷിഷ് ഓയിലും പോലീസ് കണ്ടെടുത്തു.
കാറിൻ്റെ ഡിക്കിയിൽ ഒരു ബിഗ് ഷോപ്പറിനുള്ളിൽ ബാഗിൽ പൊതിഞ്ഞുകെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വിൽപ്പനയ്ക്കയി കൊണ്ടുവരികയായിരുന്നു ഈ ലഹരിമരുന്നുകൾ. നിയമവിരുദ്ധമായ രീതിയിൽ മോഡിഫൈ ചെയ്ത കാറിലായിരുന്നു ഇവരുടെ ലഹരിക്കടത്ത്.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോലീസ് നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ (ഡാൻസാഫ്) സഹായത്തോടെ പയ്യന്നൂർ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.