Trending

കേരള സ്റ്റോറി-2ന് ഹൈക്കോടതിയുടെ കട്ട്; നാളത്തെ റിലീസ് തടഞ്ഞു.


കൊച്ചി: വൻ വിവാദങ്ങൾക്ക് വഴിവെച്ച കേരള സ്റ്റോറി-2 ഗോസ് ബിയോൺഡ് എന്ന സിനിമയുടെ പ്രദർശനം തടഞ്ഞ് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് ഇടക്കാല സ്റ്റേ. ചിത്രം നാളെയാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമ എന്ന ഹർജിയിലാണ് ഉത്തരവ്. 15 ദിവസത്തേക്കാണ് സ്റ്റേ. സിനിമ പ്രഥമദൃഷ്‌ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സെൻസർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്.

കേരള സ്റ്റോറി' എന്ന ടെെറ്റിലിൽ വാസ്തവ വിരുദ്ധത ഉണ്ടെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മതസൗഹാർദം പുലരുന്ന നാടാണ് കേരളം. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും, കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു.

കേരളം ഉൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങളുടെ കഥയാണ് ചിത്രത്തിൽ പറയുന്നതെന്ന് അറിയിച്ച നിർമ്മാതാവ് പേരു മാറ്റാൻ കഴിയില്ലെന്ന വാദത്തിൽ ഉറച്ച് നിന്നിരുന്നു. ടീസർ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്‌ത്രീകളെയാണ് കാണിക്കുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലുള്ള പ്രശ്‌നങ്ങളാണ് ടീസറിലുള്ളതെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഇവർ പറയുന്നു. ടൈറ്റിലിലെ 'ഗോസ് ബിയോണ്ട്' അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നതല്ലെന്നും നിർമാതാവ് പറഞ്ഞു.

Post a Comment

Previous Post Next Post