Trending

മൂന്ന് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് ക്രൂരത; മലപ്പുറത്ത് രണ്ടാനമ്മ അറസ്റ്റിൽ.


മലപ്പുറം: മലപ്പുറത്ത് മൂന്ന് പെൺകുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മ. അഞ്ച്, ആറ്, പതിനൊന്ന് വയസ്സുള്ള കുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച് പരുക്കേൽപ്പിച്ചത്. കേസിൽ ബിഹാർ സ്വദേശികളായ ഷീലാദേവി, ഭർത്താവ് രാജേഷ് ശർമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യ്‌തു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്തുള്ള കടയിൽ ഭക്ഷണം ചോദിച്ച് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് നാട്ടുകാർ കണ്ടത്. ക്രൂരതയുടെ വിവരങ്ങൾ പുറത്തറിഞ്ഞതോടെ നാട്ടുകാർ അരീക്കോട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെയും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.

ഇതിന് മുമ്പും ഷീലാദേവി കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷീലാദേവിയും ഭർത്താവ് രാജേഷ് ശർമ്മയും മലപ്പുറത്തുള്ള ഒരു ഫർണീച്ചർ കടയിൽ ജോലി ചെയ്യുകയാണ്. മൂന്നു വർഷമായി ഇവർ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. രാജേഷ് ശർമ്മയുടെ ആദ്യ വിവാഹത്തിലെ കുട്ടികളാണിവർ. രാജേഷ് ശർമ്മയുടെ അറിവോടുകൂടിയാണ് രണ്ടാനമ്മ കുട്ടികളെ പൊള്ളലേൽപിച്ചതെന്നാണ് വിവരം.

Post a Comment

Previous Post Next Post