താമരശ്ശേരി: താമരശ്ശേരിയില്‍ കളഞ്ഞുകിട്ടിയ ആഭരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് പരിക്ക്. താമരശ്ശേരി പഴയ സ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന ലൈവ് കഫേ എന്ന ചായക്കടയിലെ ജീവനക്കാരനാണ് പരിക്കേറ്റത്. ഉടമ വന്നാൽ തിരിച്ചേല്‍പ്പിക്കണം എന്ന് പറഞ്ഞ് ചായക്കടയില്‍ ഏല്‍പ്പിച്ച സ്വര്‍ണാഭരണം ജീവനക്കാരന്‍ സ്വന്തമാക്കി എന്നാരോപിച്ചായിരുന്നു തര്‍ക്കം. ചായക്കട ജീവനക്കാരന്‍ ബിനേഷിനാണ് സംഭവത്തില്‍ പരിക്കേറ്റത്.
താമരശ്ശേരി കല്ലുവെട്ടുകുഴി നാസറിന് കളഞ്ഞുകിട്ടിയ സ്വര്‍ണം ബിനേഷിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്വര്‍ണം കയ്യില്‍ സൂക്ഷിക്കണമെന്നും ചുമരിൽ എഴുതി ഒട്ടിക്കണമെന്നും ഉടമ വരുമ്പോള്‍ തിരികെ നല്‍കണമെന്നും ചട്ടം കെട്ടിയായിരുന്നു നാസര്‍ ബിനേഷിനെ സ്വര്‍ണം ഏല്‍പ്പിച്ചത്. നാസര്‍ ഇടയ്ക്ക് വന്ന് അന്വേഷിക്കുമ്പോള്‍ ഉടമ വന്നിട്ടില്ലെന്ന് ബിനേഷ് പറയുമായിരുന്നു. എന്നാല്‍ ഒരു ദിവസം സ്വര്‍ണം അന്വേഷിച്ച് നാസര്‍ എത്തിയപ്പോള്‍ അത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചെന്നായിരുന്നു മറുപടി. എന്നാല്‍ നാസർ പോലീസ് സ്റ്റേഷിനില്‍ പോയി അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒന്ന് ഇവിടെ കിട്ടിയിട്ടില്ല എന്നായിരുന്നു അവരുടെ മറുപടി.
പോലീസ് സ്റ്റേഷനില്‍ ആഭരണം ഏൽപ്പിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ നാസര്‍ വീണ്ടും ബിനേഷിനെ കാണാനെത്തി. അത് മുക്കുപണ്ടമായതിനാല്‍ കളഞ്ഞു എന്നായിരുന്നു പിന്നീട് ബിനേഷ് നല്‍കിയ മറുപടി. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെ ബിനേഷും നാസറും വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. സംഘര്‍ഷത്തില്‍ ബിനേഷിന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആഭരണം പിന്നീട് പോലീസിൽ ഏൽപ്പിച്ചെങ്കിലും പരിശോധനയിൽ അത് സ്വർണമായിരുന്നില്ല. എന്നാൽ ഈ ആഭരണം തന്നെയാണോ നാസർ ഏൽപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം നാസർ ബിനേഷിനെ ഏൽപ്പിച്ചത് സ്വർണാഭരണമായിരുന്നെന്നും, ഇതിൻ്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ ഉണ്ടെന്നും ആഭരണം കളഞ്ഞുകിട്ടിയ ദിവസത്തെ ദൃസാക്ഷികൾ പറയുന്നുണ്ട്. സിസിടിവി പരിശോധനയ്ക്ക് ശേഷം മാത്രമേ കളഞ്ഞുകിട്ടിയ സ്വർണം തന്നെയാണോ പോലീസിനെ ഏൽപ്പിച്ചെതെന്ന് വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.