ആലപ്പുഴ: മാവേലിക്കരയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസ്സിലെ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെന്നിത്തല സ്വദേശി പ്രദീപാണ് മരിച്ചത്. പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന ബസ്സിലെ ഡ്രൈവര്‍ക്കാണ് ഹൃദയാഘാതമുണ്ടായത്. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
ഡ്രൈവര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരന്‍റെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്. യാത്രക്കാരന്‍ സ്റ്റിയറിങ് നിയന്ത്രണം ഏറ്റെടുക്കുകയും ബസ് റോഡരികിലെ കടയുടെ ബോര്‍ഡിലേക്കും മതിലിലേക്കുമായി ഇടിച്ചു നിർത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക് നിസാരമായി പരിക്കേറ്റങ്കിലും വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവരെ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.