കുന്ദമംഗലം: ദേശീയപാതയിൽ പടനിലത്ത് സ്വകാര്യ ബസും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് ഡ്രൈവറായ കൊടുവള്ളി മാനിപുരം സ്വദേശി കാവിൽ ഷാജിദ് (46) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് അപകടം.
കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബസും താമരശ്ശേരി ഭാഗത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ വാനിനുള്ളിൽ കുടുങ്ങിപ്പോയി. തുടർന്ന് നാട്ടുകാരും പോലീസും അഗ്നിശമന രക്ഷാ സേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഡ്രൈവറെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടകാരണം വ്യക്തമല്ല. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടങ്കിലും പരിക്ക് സാരമുള്ളതല്ല. അപകടത്തെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് കുന്ദമംഗലം പോലീസിൻ്റെ നേതൃത്വത്തിൽ വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഒരു മാസം മുമ്പ് ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ മിനി പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചിരുന്നു.