കോഴിക്കോട്: എംഡിഎംഎയുമായി ബസ് ഡ്രൈവർ പിടിയിൽ. ചേളന്നൂർ കണ്ണങ്കര വെങ്ങളം ചാലിൽ അജ്മൽ റഫീഖ് (29) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും നിരോധിത രാസലഹരിയായ 6.490 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കോഴിക്കോട്-അന്നശ്ശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് അജ്മൽ റഫീഖ്. ലഹരിക്കടിമയായ റഫീഖ് ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം സംശയത്തെ തുടർന്ന് വേങ്ങേരി റോഡ് സൈഡിൽ നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് പ്രതി കുടുങ്ങിയത്.
വേങ്ങേരി ചോറൂണി പൊയിൽ താഴത്ത് റോഡിനോട് ചേർന്നുള്ള വയലിൽ നിർത്തിയിട്ട വെള്ള ടാക്സി കാറിലാണ് അജ്മലിനെ കണ്ടത്. പരിശോധനയിൽ അജ്മലിന്‍റെ പോക്കറ്റിൽ നിന്നും എംഡിഎംഎ പിടികൂടുകയായിരുന്നു. എംഡിഎംഎ വിൽക്കുന്നതിനായാണ് പ്രതി രാത്രി സ്ഥലത്ത് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളിൽ നിന്നും 2500 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി. ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ നിമിൻ.കെ.ദിവാകരൻ, അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.