കാസർകോട്: കാസർകോട് മോഷണംക്കുറ്റം ആരോപിക്കപ്പെട്ടതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീല(24)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ടു കുട്ടികളുടെ അമ്മയായ യുവതി വിഷം കഴിച്ചത്. തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടയിൽ ജസീലയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. മോഷണക്കുറ്റം ആരോപിച്ച് അയൽവാസിയായ യുവാവും ബന്ധുക്കളും ചേർന്ന് അപമാനിച്ചതായി ജസീലയുടെ കുടുംബം പറയുന്നു. തുടർന്നുള്ള മാനസിക വിഷമത്തിലാണ് യുവതി വിഷം കഴിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നതായും എന്നാൽ പരാതി സ്വീകരിച്ചില്ലെന്നും യുവതി ആത്മഹത്യക്ക് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ പറയുന്നുണ്ട്.
ഭർത്താവിൻ്റ വീടിനടുത്തുള്ള അയൽവാസിയായ യുവാവിൻ്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ തൂക്കം വരുന്ന സ്വർണാഭരണം കാണാനില്ലെന്ന് കാണിച്ച് ആതൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ജസീലയെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയെങ്കിലും ചോദ്യം ചെയ്യലിൽ ജസീലയുടെ പങ്ക് തെളിയിക്കാൻ കഴിയാത്തതിനാൽ വിട്ടയക്കുകയായിരുന്നു. കാണാതായ സ്വർണമെവിടെ എന്നതിൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.