കോഴിക്കോട്: ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് റെസ്റ്റോറൻ്റ് തല്ലിത്തകർത്തു. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന് മുൻവശത്തുള്ള ‘അളിയൻസ്’ റെസ്റ്റോറൻ്റിലാണ് യുവാക്കളുടെ ആക്രമണം. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് ഭക്ഷണം കഴിക്കാൻ റെസ്റ്റോറൻ്റിലെത്തിയത് എത്തിയത്. ഭക്ഷണം കഴിച്ച ശേഷം ജീവനക്കാരൻ പണം ചോദിച്ചപ്പോഴാണ് ഇവർ അക്രമാസക്തരായത്.
600 രൂപയോളം വിലവരുന്ന ഭക്ഷണം കഴിച്ച് യുവാക്കൾ ഇറങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ പണം നൽകാതെ ഇറങ്ങിപ്പോകാൻ പറ്റില്ലെന്ന് പറഞ്ഞത്. ഇതോടെ യുവാക്കൾ പ്രകോപിതരായി. പിന്നീട് പുറത്തേക്ക് പോയി വടി അടക്കം എടുത്തുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് ഹോട്ടൽ ആരംഭിക്കുന്നത്. അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തുന്നത്.