മലപ്പുറം: പത്തുമാസം പ്രായമായ കുഞ്ഞിൻ്റെ തൊണ്ടയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് പുറത്തെടുത്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അടപ്പ് പുറത്തെടുക്കാനായത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം.
ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊണ്ടയിൽ പൂർണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് എടുക്കാനായില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.