കാപ്പി കുടിച്ചതുമൂലം ഗുരുതരമായ കരൾ രോഗത്തിനിരയായ യുവാവിന്റെ അനുഭവം പങ്കുവെച്ച് ഡോക്ടറുടെ കുറിപ്പ്. സോഷ്യൽ മീഡിയയിൽ ലിവർ ഡോക്ടർ എന്നപേരിൽ അറിയപ്പെടുന്ന ഡോ.അബി ഫിലിപ്സ് ആണ് ജനങ്ങൾക്കുള്ള മുന്നറിയിപ്പ് ഇൻസ്റ്റഗ്രാം പോസ്റ്റായി പങ്കുവെച്ചിരിക്കുന്നത്. രണ്ടാഴ്ചയായി കണ്ണുകൾക്ക് മഞ്ഞ നിറവും മൂത്രത്തിന് ഇരുണ്ട നിറവും അനുഭവപ്പെട്ടതോടെയാണ് യുവാവ് തന്നെ കാണാനെത്തിയതെന്ന് ഡോക്ടർ പറയുന്നു. യുവാവിനെ നേരത്തെ പരിശോധിച്ച ഡോക്ടർമാരെല്ലാം കയ്യൊഴിഞ്ഞിരുന്നു. എന്താണ് ഈ അവസ്ഥയ്ക്ക് പ്രത്യേക കാരണമെന്ന് അവർക്ക് കണ്ടെത്താനായില്ല. നിരവധി പരിശോധനകൾ നടത്തിയെങ്കിലും യുവാവിന് മഞ്ഞപ്പിത്തം കൂടുന്നതല്ലാതെ രോഗശമനമുണ്ടാകുകയോ, കാരണം കണ്ടെത്താനോ സാധിച്ചില്ല.
ഇതിനുശേഷമാണ് തന്റെ അടുക്കലേക്ക് യുവാവ് എത്തിയതെന്ന് അബി ഫിലിപ്സ് പറയുന്നു. ആദ്യമെല്ലാം യുവാവ് മുൻപ് കണ്ട ഡോക്ടർമാരെപ്പോലെ പലസംശയങ്ങളും ചോദിച്ചു. എന്നിട്ടും ഒരു നിഗമനത്തിലെത്താനായില്ല. ഒടുവിൽ, അവസാനശ്രമമെന്ന നിലയിൽ, ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിരുന്നോ എന്ന് ചോദിച്ചു. ഏറെ ആലോചിച്ചശേഷം, താൻ അടുത്തയിടെ കാപ്പി കുടിക്കാൻ തുടങ്ങിയെന്ന് യുവാവ് പറഞ്ഞു. എന്നാൽ കാപ്പി കരളിന് പ്രശ്നമുള്ള വസ്തുവല്ല, അതാകില്ല രോഗത്തിന് കാരണമെന്നാണ് വിചാരിച്ചത്. എന്ത് തരം കാപ്പിയാണ് കുടിക്കുന്നത് എന്ന് പിന്നീട് ചോദിച്ചു. ഒരുതരം ചൈനിസ് കാപ്പിയാണെന്നും തന്റെ റൂം മേറ്റാണ് കാപ്പി നൽകിയതെന്നും യുവാവ് പറഞ്ഞപ്പോൾ അതൊന്ന് കാണിക്കാൻ ആവശ്യപ്പെട്ടു.
കാപ്പിയുടെ ഫോട്ടോ കണ്ടപ്പോൾ അക്ഷരാത്ഥത്തിൽ ഞെട്ടിപ്പോയെന്ന് ഡോക്ടർ പറയുന്നു. അത് യഥാർത്ഥ കാപ്പിപ്പൊടി ആയിരുന്നില്ല. മുല്ലപ്പൂവിന്റെ ഫ്ലേവറുള്ള ചൈനീസ് ഹെർബൽ കാപ്പി ആയിരുന്നു. ദിവസവും രണ്ട് മൂന്ന് തവണയാണ് ആ കാപ്പി യുവാവ് കുടിച്ചിരുന്നത്. യഥാർത്ഥ മുല്ലപ്പൂ ചെറിയ അളവിൽ ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. പക്ഷേ, ഇതേ പേരിൽ അറിയപ്പെടുന്ന മറ്റുചില പൂക്കൾ വിഷമയമുള്ളതും ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതാണെന്നും ഡോക്ടർ കുറിക്കുന്നു. ഡോക്ടറുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. ഈ അറിവ് പുതിയതാണെന്നും ഹാനികരമായ കാപ്പിപ്പൊടികൾ നിയന്ത്രിക്കാൻ ഇത് വഴിവെക്കട്ടെയെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.