താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിലിൽ അപാർട്ട്മെന്‍റില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാർക്ക് പിന്നാലെ ദുരൂഹത ആരോപിച്ച് ബന്ധുക്കളും രംഗത്ത്. മരിക്കുന്നതിന്‍റെ മുമ്പ് ഹസ്ന അമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഹസ്നക്കൊപ്പം താമസിച്ചിരുന്ന യുവാവ് ക്രിമിനല്‍ സ്വഭാവമുള്ള ആളാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഹസ്നക്കൊപ്പം ഒരുമിച്ചു താമസിച്ചിരുന്ന യുവാവിനെ കുറിച്ച് സംശയമുണ്ടെന്നും, ഇയാൾ ലഹരി കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും ഹസ്നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധു ഷംനാസ് പറഞ്ഞു. മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഷംനാസ് ആവശ്യപ്പെട്ടു. മുൻ ഭർത്താവ് കുട്ടികളെ കാണാൻ അനുവദിക്കാത്തതിലും മറ്റും ഹസ്‌നയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്.
അതേസമയം ഹസ്നയുടേത് തൂങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹസ്നയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.