തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. അതേസമയം വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇന്നലെ വരെയായിരുന്നു ഡിസംബറിലെ റേഷൻ വിതരണം. ഇന്നും നാളെയും റേഷൻകടകൾക്ക് അവധിയാണ്. ശനിയാഴ്ച ജനുവരി മാസത്തിലെ വിതരണം തുടങ്ങും.
പ്രധാന മാറ്റങ്ങള്‍:
ആട്ട വിതരണം:
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നീല, വെള്ള കാർഡുടമകള്‍ക്ക് ആട്ട ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യതക്കനുസരിച്ച് 2 കിലോ വരെ ആട്ടയാണ് ഈ മാസം ലഭിക്കുക. കിലോയ്ക്ക് 17 രൂപയാണ് വില.
അരി വിഹിതത്തില്‍ കുറവ്:
വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി വിഹിതം 2 കിലോയായി കുറച്ചു. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറില്‍ നീല, വെള്ള കാർഡുകള്‍ക്ക് നല്‍കിയ അധിക അരി വിഹിതം മൂലമുണ്ടായ സ്റ്റോക്ക് കുറവാണ് ഇതിന് കാരണം. (ഡിസംബറില്‍ വെള്ള കാർഡിന് 10 കിലോയും നീല കാർഡിന് അധികമായി 5 കിലോ അരിയും നല്‍കിയിരുന്നു).
ക്ഷേമ സ്ഥാപനങ്ങള്‍ക്ക്:
അഗതി-അനാഥ മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള എൻ.പി.ഐ (NPI) കാർഡുകാർക്കും ഇത്തവണ ആട്ട അനുവദിച്ചിട്ടുണ്ട് (പരമാവധി ഒരു കിലോ).