Trending

ആഞ്ഞ് വലിച്ചാൽ കീശ കീറും; സിഗരറ്റ്, ബീഡി, പാൻമസാല എന്നിവയ്ക്ക് അടുത്ത മാസം മുതൽ വിലയേറും.


ന്യൂഡൽഹി: ഫെബ്രുവരി ഒന്നു മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ സെസും നിലവിൽ വരും. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ ബുധനാഴ്ച പുറത്തിറക്കി. ജിഎസ്ടി നിരക്കിന് പുറമെയായിരിക്കും പുകയിലയ്ക്കും പാൻ മസാലയ്ക്കുമുള്ള പുതിയ തീരുവകൾ. ഇത്തരം ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോമ്പൻസേഷൻ സെസ്സിന് പകരമാകും പുതിയ തീരുവകൾ.

പാൻ മസാല, സിഗരറ്റ്, പുകയില എന്നിവയ്ക്കും സമാന ഉത്പന്നങ്ങൾക്കും ഫെബ്രുവരി ഒന്ന് മുതൽ 40 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കും. ബീഡിക്ക് 18 ശതമാനം ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) ആയിരിക്കുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ഇതിനെല്ലാം പുറമെ, പാൻ മസാലയ്ക്ക് ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഈടാക്കും. അതേസമയം പുകയിലയ്ക്കും അനുബന്ധ ഉത്പന്നങ്ങൾക്കും അധിക എക്സൈസ് തീരുവ ഏർപ്പെടുത്തും. ചവയ്ക്കുന്ന പുകയില, ജർദ (ഒരുതരം സുഗന്ധ വ്യജ്ഞനം), സുഗന്ധമുള്ള പുകയില, ഗുട്ക പാക്കിങ് മെഷീനുകൾ (Capacity Determination and Collection of Duty) ചട്ടങ്ങൾ 2026 ഉം ധനകാര്യ മന്ത്രാലയം ബുധനാഴ്ച വിജ്ഞാപനം ചെയ്തു.

പാൻ മസാല നിർമ്മാണത്തിന് പുതിയ ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഈടാക്കാനും പുകയിലയ്ക്ക് എക്സൈസ് തീരുവ ഏർപ്പെടുത്താനും അനുവദിക്കുന്ന രണ്ട് ബില്ലുകൾ പാർലമെന്റ് ഡിസംബറിൽ അംഗീകരിച്ചിരുന്നു. ഈ തീരുവകൾ നടപ്പാക്കുന്ന തീയതിയായി ഫെബ്രുവരി ഒന്ന് നിശ്ചയിച്ച് സർക്കാർ ബുധനാഴ്ച വിജ്ഞാപനം പുറത്തിറക്കി. നിലവിൽ വിവിധ നിരക്കുകളിൽ ഈടാക്കുന്ന നിലവിലെ ജിഎസ്ടി കോമ്പൻസേഷൻ സെസ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ ഇല്ലാതാകും.

Post a Comment

Previous Post Next Post