ഉണ്ണികുളം: നാട്ടുകാരുടെ കൂട്ടായ്മയിൽ നിർമ്മിച്ച ഇയ്യാട് പ്രൈമൽ സ്പോർട്‌സ് ട്രസ്റ്റിൻ്റെ വിശാലമായ പൊതു കളിസ്ഥലം പ്രൈമൽ സ്പോർട്സ് പാർക്ക് ഞായറാഴ്ച വൈകീട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നാടിനു സമർപ്പിക്കും. ഇതിന്റെ ഭാഗമായി ഞായർ വൈകീട്ട് ഏഴിന് നടക്കുന്ന ഏകദിന ഫുട്ബാൾ ടൂർണമെന്റ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്യും. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിക്കും.
ഇയ്യാട് അങ്ങാടിക്കടുത്ത് ഒരു ഏക്കർ നാല് സെൻ്റ് സ്ഥലത്ത് 55 ലക്ഷം രൂപ ചെലവിട്ടാണ് സ്പോർട്‌സ് പാർക്ക് നിർമ്മിച്ചിട്ടുള്ളത്. 180 ഓളം വരുന്ന ട്രസ്റ്റ് അംഗങ്ങൾ നൽകിയ ഷെയർ സംഖ്യയാണ് മൂലധനം. കുട്ടികൾക്കും യുവാക്കൾക്കും വിവിധങ്ങളായ കായിക ഇനങ്ങളിൽ പരിശീലനം നേടുന്നതിനും മുതിർന്നവർക്ക് ലഘു വ്യായാമങ്ങൾ ചെയ്യുന്നതിനും ആരോഗ്യകരമായ ജീവിതശൈലി കൈവരിക്കുന്നതിനും ഉതകുന്ന വൈവിധ്യമാർന്ന സ്പോർട്‌സ് പാർക്ക് ആണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്.
ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ കോർട്ടുകൾ, അത്‌ലറ്റിക് ട്രാക്ക്, ഓപൺ ജിം എന്നിവയും ഇവിടെ ഒരുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. പാർക്ക് സമർപ്പണത്തോടനുബന്ധിച്ച് വൈകീട്ട് നടക്കുന്ന ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻ്റിൽ 16 ടീമുകൾ മാറ്റുരക്കാനെത്തുമെന്നും ട്രസ്റ്റ് ചെയർമാൻ എൻ. നളിനാക്ഷൻ, സെക്രട്ടറി ടി.പി അബ്ദുൽ മനാഫ്, കോ-ഓഡിനേറ്റർ ടി.കെ. ഇബ്രാഹിം, പി.കെ. രാധാകൃഷ്ണൻ, അതുൽ പുറക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:
LOCAL NEWS