Trending

അക്കൗണ്ട് ഹോൾഡർ അറിയാതെ കോടികളുടെ ഇടപാട്, 14 കേസ്; ബാലുശ്ശേരിയിലെ ബാങ്കിനെതിരെ കേസെടുക്കണമെന്ന് കോടതി.

ബാലുശ്ശേരി: പുതുതായി തുടങ്ങിയ അക്കൗണ്ടില്‍ നിന്നും ഉപയോക്താവ് അറിയാതെ കോടികളുടെ പണമിടപാട്. ബാങ്ക് ഓഫ് ബറോഡയ്‌ക്കെതിരെ കോടതിയെ സമീപിച്ച് ബാലുശ്ശേരി സ്വദേശി. ബാലുശ്ശേരി സ്വദേശിയും ബിസിനസ്സുകാരനുമായ റഷീദാണ് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് നേരിട്ട ചതിയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. റഷീദിന്റെ പരാതിയില്‍ വിശദമായ വാദം കേട്ട പേരാമ്പ്ര കോടതി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ബാലുശ്ശേരി പോലീസിനോട് ആവശ്യപ്പെട്ടു.

സംഭവം ഇങ്ങനെ: 2025 ആഗസ്റ്റ് 16ാം തിയ്യതിയാണ് ബിസിനസ്സ് ആവശ്യങ്ങൾക്കായി റഷീദ് ബാങ്ക് ഓഫ് ബറോഡയുടെ ബാലുശ്ശേരി ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങാൻ അപേക്ഷ നല്‍കിയത്. ആധാര്‍കാര്‍ഡും പാന്‍കാര്‍ഡുമടക്കമുള്ള രേഖകളും നല്‍കി. ആഗസ്റ്റ് 30ന് പുതിയ അക്കൗണ്ടിന്റെ എടിഎം കാര്‍ഡും ചെക്ക് ബുക്കും അടങ്ങുന്ന വെല്‍ക്കം കിറ്റ് അദ്ദേഹത്തിന് തപാല്‍ വഴി ലഭിക്കുകയും ചെയ്തു. സെപ്റ്റംബര്‍ രണ്ടിന് അദ്ദേഹം എടിഎം കാര്‍ഡ് ആക്ടിവേറ്റ് ആക്കുന്നതിനായി ബാലുശ്ശേരിയിലെ ബാങ്ക് ഓഫ് ബറോഡ എടിഎം സെന്ററിലെത്തി ശ്രമിച്ചപ്പോള്‍ എടിഎം കാര്‍ഡ് ആക്ടീവ് ചെയ്യാന്‍ കഴിയുന്നില്ല. ഇതോടെ അദ്ദേഹം ബാലുശ്ശേരി ബ്രാഞ്ച് മാനേജറെ സമീപിച്ചു. അക്കൗണ്ട് ഫ്രീസ് ചെയ്‌തെന്നായിരുന്നു ബ്രാഞ്ച് മാനേജരില്‍ നിന്നുമുള്ള മറുപടി.

തുടർന്ന് അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെൻ്റ് ലഭിക്കുന്നതിനായി റഷീദ് അപേക്ഷ നല്‍കി. സ്റ്റേറ്റ്മെൻ്റ് അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു. 12 ദിവസത്തിനുള്ളില്‍ രണ്ട് കോടി രൂപയ്ക്കടുത്ത് ഈ അക്കൗണ്ടിലൂടെ ഇടപാട് നടന്നെന്നാണ് സ്റ്റേറ്റ്‌മെന്റിൽ കാണിക്കുന്നത്. എടിഎം കാര്‍ഡ് ലഭിക്കുന്നതിന് മുമ്പ് ഓണ്‍ലൈന്‍ ഇടപാട് ആക്ടീവ് ആക്കി ലഭിക്കാനുള്ള അപേക്ഷയൊന്നും അക്കൗണ്ട് തുടങ്ങുന്ന സമയത്ത് റഷീദ് നല്‍കിയിരുന്നില്ല. എന്നിട്ടും ഒരു ഒടിപി പോലും അദ്ദേഹത്തില്‍ നിന്ന് ലഭിക്കാതെയാണ് ഇത്രയേറെ തുകയുടെ പണമിടപാട് നടന്നത്. ഇതിന്റെ നിയമപ്രശ്‌നങ്ങളെക്കുറിച്ച് ഒന്നും അറിവില്ലാതിരുന്ന അദ്ദേഹം വിഷയം വിട്ടിരുന്നു.

എന്നാല്‍ 2025 ഡിസംബര്‍ 19ന് ബാംഗ്ലൂര്‍ പോലീസില്‍ നിന്നും റഷീദിന് നോട്ടീസ് ലഭിച്ചതോടെയാണ് അദ്ദേഹം ഇതിലെ പ്രശ്‌നങ്ങള്‍ അറിയുന്നത്. 12 ദിവസം റഷീദിൻ്റെ അറിവില്ലാതെ അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളുടെ പേരില്‍ അദ്ദേഹത്തിനെതിരെ 14 കേസുകളാണ് പല സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് റഷീദിൻ്റെ അഭിഭാഷകൻ സുമിന്‍ പറഞ്ഞു.

ഇതോടെ റഷീദ് അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കിയെങ്കിലും അതിന് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ബാലുശ്ശേരി പോലീസിൽ‍ പരാതിപ്പെട്ടു. പോലീസും നടപടി സ്വീകരിക്കാതായതോടെ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. എന്നിട്ടും നടപടിയില്ലാതായതോടെയാണ് റഷീദ് പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post