കോഴിക്കോട്: പിഞ്ചു കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. കോഴിക്കോട് റയില്‍വേ സ്റ്റേഷനിലാണു നടുക്കുന്ന സംഭവം. മംഗളുരു-പാലക്കാട് സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന് രാവിലെ 10.10ന് കോഴിക്കോട് എത്തിയപ്പോഴാണ് ആറു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ട്രെയിനിൽ ഉപേക്ഷിച്ചത്. ഏതാണ്ട് മുപ്പത് വയസ്സ് തോന്നിക്കുന്ന യുവതി കൈക്കുഞ്ഞിനെ സീറ്റില്‍ കിടത്തിയ ശേഷം സഹയാത്രികനോട് വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് ഇറങ്ങിപോവുകയായിരുന്നു. ട്രെയിന്‍ പുറപ്പെട്ടപ്പോഴും യുവതി തിരികെയെത്തിയല്ല. ഫറോക്കിലെത്തിയപ്പോൾ സഹയാത്രികൻ അബ്ദുൽ അസീസ് സ്റ്റേഷന്‍ സുപ്രണ്ടിനെ വിവരമറിയിച്ച് കുട്ടിയെ കൈമാറി. പിന്നാലെ സ്റ്റേഷന്‍ അധികൃതര്‍ പോലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചു.
തുടർന്ന് ആര്‍പിഎഫ് കോഴിക്കോട് സ്റ്റേഷനിൽ നടത്തിയ തിരച്ചിലിൽ യുവതിയെ പ്ലാറ്റ്ഫോമില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ചൈല്‍ഡ്ലൈന്‍ അധികൃതർ ഫറോക്കിലെത്തി കുട്ടിയെ ഏറ്റെടുത്തു. ഒന്നര മാസത്തോളമായി റെയില്‍വേ സ്റ്റേഷനിൽ അലഞ്ഞു തിരിയുന്ന മുക്കം സ്വദേശിനിയാണ് അമ്മ. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്നുവെന്നാണ് ഇവര്‍ ആര്‍പിഎഫിനെയും റെയില്‍വേ പോലീസിനെയും അറിയിച്ചിരിക്കുന്നത്. ചെറിയ തോതില്‍ മാനസിക അസ്വാസ്ഥ്യം കാണിക്കുന്നതായി ആര്‍പിഎഫ് പറയുന്നു. വീട്ടുകാരുമായി ബന്ധമില്ലാതെയാണ് ഏറെ കാലമായി കഴിയുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ചൈല്‍ഡ്ലൈൻ അറിയിച്ചതനുസരിച്ച് കുട്ടിയെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് മാറ്റി. അമ്മയുടെ കൂടെ കുട്ടി സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുവരെ അമ്മയും കുഞ്ഞുമായി ബന്ധപ്പെട്ട ആരും റയില്‍വേ പോലീസുമായോ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുമായോ ബന്ധപ്പെട്ടിട്ടില്ല. കുട്ടിയെ അമ്മയ്ക്ക് തിരികെ നല്‍കണമോ അതോ സംരക്ഷണ കേന്ദ്രത്തില്‍ തുടരണമോ എന്നത് പിന്നീട് തീരുമാനിക്കുമെന്ന് ജില്ല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിജി എ.റഹീം പറഞ്ഞു.