Trending

പാചകവാതക പ്രതിസന്ധി; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം.


ന്യൂഡൽഹി: പാചകവാതക വിതരണ പ്രതിസന്ധി സംസ്ഥാനത്തെ ഗാർഹിക-വാണിജ്യ മേഖലകളെയും ബാധിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക ലഭ്യത കുറവും വിലയിൽ ഉണ്ടായ വർദ്ധനവുമാണ് പ്രധാന വെല്ലുവിളിയാകുന്നത്. തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ കേന്ദ്രം എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പിലാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും പാചകവാതക ഉൽപാദനം വർദ്ധിപ്പിക്കാൻ റിഫൈനറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. 

അധികമായി ഉൽപാദിപ്പിക്കുന്ന പാചകവാതകം ഗാർഹിക ആവശ്യങ്ങൾക്ക് മാറ്റിവെയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇറക്കുമതി ചെയ്യുന്നത് ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകാനും നിർദ്ദേശമുണ്ട്. പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കും തടയിടുന്നതിന് സിലിണ്ടർ ബുക്കിങ്ങുകൾക്കിടയിൽ ഒരു മാസത്തെ ഇടവേളയും പെട്രോളിയം മന്ത്രാലയം ഏർപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഗാർഹിക, വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചിരുന്നു. യഥാക്രമം 60 രൂപയും 115 രൂപയുമാണ് കൂടിയത്.

ഇറാൻ-അമേരിക്ക- ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഹോർമുസ് പാത ഇറാൻ അടച്ചതാണ് രാജ്യത്തെ നിലവിലെ സാഹചര്യത്തിന് കാരണം. ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതും പാചകവാതക വിതരണ പ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ട്.

Post a Comment

Previous Post Next Post