കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പതിനാറുകാരനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കൽപ്പറ്റ കുറ്റിക്കുന്ന് സ്വദേശി കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയാണ് (18) അറസ്റ്റിലായത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ കൗൺസിലിംഗിന് വിധേയമാക്കി.
മർദ്ദന ദൃശ്യങ്ങൾ പുറത്തു വന്നതിനുശേഷം നാഫിയെ വീട്ടുകാർ മേപ്പാടി വിംസിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പോലീസ് തന്ത്രപൂർവ്വം ഇവരെ നിരീക്ഷിക്കുകയും ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പിടികൂടുകയുമായിരുന്നു. പ്രായപൂർത്തിയാകാത്തവനെന്ന സംശയം ഉള്ളതിനാൽ പയ്യനെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. എന്നാൽ വിശദമായി പരിശോധിച്ചതിൽ നിന്നും നാഫിക്ക് 18 വയസ് കഴിഞ്ഞതായി വ്യക്തമാകുകയായിരുന്നു. നാഫി മറ്റൊരു കുട്ടിയെ മർദ്ദിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ട്.
ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പതിനാറുകാരനെ ഫോണിലൂടെ വിളിച്ചുവരുത്തി ഒരുകൂട്ടം വിദ്യാർത്ഥികൾ മർദ്ദിച്ചത്. മുഖത്തും തലയിലും പുറത്തും വടികൊണ്ടും മറ്റും അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദ്ദനമേറ്റ കുട്ടിയെക്കൊണ്ട് കാലിൽ പിടിപ്പിച്ച് മാപ്പ് പറയിപ്പിക്കുന്നതും ഈ ദൃശ്യത്തിലുണ്ടായിരുന്നു. മർദ്ദനം സഹിക്കവയ്യാതെ കുട്ടി മാപ്പ് പറയുകയും കാലുപിടിക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവർ അടി തുടരുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് മർദ്ദനം ഉണ്ടായതെന്നാണ് സൂചന. അഞ്ചു മിനിറ്റോളം നീണ്ട മർദ്ദനദൃശ്യങ്ങൾ ഉൾപ്പെടെ പരാതി ലഭിച്ചതിനു പിന്നാലെയാണ് കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസ് ഇൻസ്പെക്ടർ എ.യു ജയപ്രകാശിൻ്റെ നിർദ്ദേശപ്രകാരം എസ്ഐ വിമൽ ചന്ദ്രനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.