ചേളന്നൂർ: പെൺകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം പ്ലസ്ടു വിദ്യാർത്ഥിയെ പൂർണ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചതായി പരാതി. ചേളന്നൂർ സ്വദേശിയായ ചേളന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയെയാണ് മാനസിക പീഡനത്തിനും ശാരീരികാതിക്രമത്തിനും ഇരയാക്കിയത്. അവശനായ കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുൾപ്പെടെ അഞ്ചാളുടെ പേരിൽ എലത്തൂർ പോലീസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സൗഹൃദത്തിലുള്ള കക്കോടി ബദിരൂർ സ്വദേശിയായ ഒരു പെൺകുട്ടി ബദിരൂരിലെ ഒരു മലഞ്ചരുവിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഡ്രൈവിങ് പഠിപ്പിക്കാനെന്ന് പറഞ്ഞ് പ്ലസ്‌ടൂ വിദ്യാർഥിയെ വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിയോടൊപ്പം മറ്റു സ്‌കൂളിൽ നിന്നുള്ള രണ്ടുപേരടക്കം നാല് പ്ലസ്‌ടു വിദ്യാർത്ഥികളുമുണ്ടായിരുന്നു. പെൺകുട്ടിയുടെ മുമ്പിൽവച്ച് കുട്ടിയെ പൂർണ നഗ്നനാക്കുകയും കയറു കൊണ്ട് കൈ രണ്ടും കൂട്ടിക്കെട്ടിയിട്ടാണ് ആക്രമിച്ചത്. സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചതായും സിഗരറ്റ് ലൈറ്റർ കൊണ്ട് ശരീരത്തിൽ പൊള്ളിച്ചതായും കുപ്പിച്ചില്ല് കൊണ്ട് മുറിവേൽപ്പിച്ചതായും ഇരുമ്പുവടികൊണ്ട് പല തവണയായി അടിച്ചതായും പരാതിയിൽ പറയുന്നു.
നിലത്ത് വീഴ്ത്തിയിട്ടശേഷം വയറിൽ കയറിയിരുന്ന് നെഞ്ചത്ത് ഇടിക്കുകയും ചെയ്തു. വിവരം വീട്ടുകാരോടോ പുറത്തോ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇനി നീ ജീവിച്ചിരുന്നിട്ട് കാര്യമില്ല അതുകൊണ്ട് ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നും സംഘം പറഞ്ഞു. കൂട്ടത്തിലൊരാൾ സംഭവം മൊബൈൽ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. രക്ഷിതാക്കളെ ഫോൺ വിളിപ്പിച്ച് 6000 രൂപയും ആവശ്യപ്പെട്ടു. രക്ഷിതാക്കൾ സ്ഥലത്തെത്തിയെങ്കിലും പ്രതികൾ ഓടി രക്ഷപ്പെട്ടു. അക്രമിസംഘത്തിലെ എരഞ്ഞിക്കൽ പിവിഎസ് ഹയർ സെക്കൻഡറിയിലെ ഒരു വിദ്യാർത്ഥിയെയും കക്കോടി ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർത്ഥിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എലത്തൂർ പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ മൊഴിയെടുക്കുകയും സംഭവസ്ഥലം പോലീസ് സന്ദർശിക്കുകയും ചെയ്തു.