തിരുവമ്പാടി: വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായ ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇരുഭാഗത്തു നിന്നും ഒരേസമയം പ്രവൃത്തി ആരംഭിക്കും. പാറ ഡ്രിൽ ചെയ്യുന്നതിനുള്ള 'ബൂമർ' നേരത്തെ എത്തിച്ചിട്ടുണ്ട്. ഇരുഭാഗത്തും വലത് തുരങ്കത്തിന്റെ പ്രവൃത്തിയാണ് ആദ്യം തുടങ്ങുക. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
കള്ളാടിയിൽ തുരങ്ക മുഖം വരെയുള്ള "കട്ട് ആൻഡ് കവർ' പ്രവൃത്തി ഉടൻ പുർത്തിയാകും. മേപ്പാടി-ചൂരൽമല റോഡിൽ നിന്ന് തുരങ്കമുഖം വരെയുള്ള 180 മീറ്റർ മണ്ണ് കുഴിച്ച് തുരങ്കത്തിന് സമാനമായി ടണൽ നിർമ്മിക്കുന്നതാണിത്. ആനക്കാംപൊയിൽ ഭാഗത്ത് തുരങ്കമുഖം വരെയുള്ള പ്രവൃത്തിയും പുരോഗമിക്കുന്നു. പാറപൊട്ടിച്ചും മണ്ണുനീക്കിയുമാണ് പാത നിർമ്മിച്ചത്. മറിപ്പുഴയ്ക്ക് കുറുകെ താൽക്കാലിക പാലം നിർമ്മിച്ച് യന്ത്രങ്ങൾ എത്തിച്ചു. തുരന്നെടുക്കുന്ന പാറകൾ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കും ക്രഷർ യൂണിറ്റ്, ഡമ്പിങ്ങ് യൂണിറ്റ് എന്നിവ ഇരുഭാഗത്തും സജ്ജമാണ്. കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റും ഒരുക്കി.
നിലവിൽ ദിവസവും 16 മണിക്കൂർ വരെയാണ് നിർമ്മാണം. തുരക്കൽ തുടങ്ങുന്നതോടെ കൂടുതൽ തൊഴിലാളികളെ എത്തിച്ച് രണ്ട് ഷിഫ്റ്റായി 24 മണിക്കൂറും പ്രവൃത്തി നടത്തും. ആഗസ്ത് 31നാണ് തുരങ്ക പാതയുടെ നിർമ്മാണ ഉദ്ഘാടനം ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. പിന്നാലെ പ്രവൃത്തി ആരംഭിച്ചു. 8.11 കിലോമീറ്റർ ഇരട്ട തുരങ്ക പാതയാണ് നിർമ്മിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലിൽ നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തിൽ എത്താനാകും. 2043 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ്.