താമരശ്ശേരി: വിദേശത്ത് അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നിർമ്മിച്ച വീടും സ്വത്തുമെല്ലാം ഭാര്യ സ്വന്തം പേരിലാക്കി, ഗാർഹികാതിക്രമത്തിന് പരാതിയും കൊടുത്തതോടെ വീട്ടിൽക്കയറാൻ പറ്റാതായ ഭർത്താവ് കൂടോത്രക്കാരനെ സമീപിച്ചു. ഭർത്താവ് ഏൽപ്പിച്ച മന്ത്രവാദി പക്ഷേ വീടുമാറി കൂടോത്ര സാധനങ്ങൾ മറ്റൊരു വീട്ടുപറമ്പിൽ നിക്ഷേപിച്ചത് പുലിവാലായി. ആരും കാണില്ലെന്നു കരുതി ചെയ്തത് പക്ഷേ, വീട്ടുകാർ സിസിടിവി ക്യാമറയിൽ കണ്ടു. ഒടുവിൽ കൂടോത്രം ചെയ്യാനെത്തിയ ആൾ പിടിയിലുമായി. താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റിനു സമീപം ഇന്നലെ വൈകീട്ടാണ് സംഭവം.
ചുടലമുക്ക് സ്വദേശിയായ യുവാവാണ് കുടുംബപ്രശ്നം തീർക്കാൻ കൂടോത്രത്തിനായി മന്ത്രവാദിയെ സമീപിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെ വീടുമാറി ചുങ്കം മുട്ടുകടവിലെ മറ്റൊരു വീട്ടിൽ എത്തുകയായിരുന്നു മന്ത്രവാദിയായ സുനിൽ. ഈ സമയം പ്രവാസിയായ വീട്ടുടമയുടെ ഭാര്യയും മകളും വീട്ടിനകത്തുണ്ടായിരുന്നു. എന്നാൽ ആരുമില്ലെന്ന് കരുതിയ സുനിൽ ഗേറ്റ് തുറന്ന് സമീപത്തെ തെങ്ങിൻ തൈയ്ക്ക് അരികിലെത്തി. എന്തോ പൊടിയും മറ്റും തെങ്ങിൻ തടത്തിലേക്ക് തട്ടി ധൃതിയിൽ മടങ്ങുകയായിരുന്നു.
ആൾ സാന്നിധ്യം സംബന്ധിച്ച് അലാറ ശബ്ദം കേട്ട് വീട്ടുടമയുടെ മകൾ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ നീലയും വെള്ളയും വേഷത്തിൽ തോളിലൊരു ബാഗുമിട്ട ഒരാൾ വീട്ടുമുറ്റത്ത് ഇതെല്ലാം ചെയ്യുന്നതാണ്. പെൺകുട്ടി ഉടനെ ഉമ്മയോട് കാര്യം പറഞ്ഞു. ഉമ്മയും മകളും കൂടി ഇയാളെ പിന്തുടർന്ന് കണ്ടെത്തി, നാട്ടുകാരെയും വിളിച്ചുകൂട്ടി തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് ‘കൂടോത്രക്കാരനെ’ കസ്റ്റഡിയിലെടുത്തു.
അപ്പോഴാണ് ചെയ്ത വീടുമാറിപ്പോയതാണെന്ന് ഈങ്ങാപ്പുഴ കരികുളം സ്വദേശിയായ ഇയാൾ സമ്മതിക്കുന്നത്. ഒടുവിൽ ‘കൂടോത്രം' ചെയ്യാൻ ഏൽപ്പിച്ച യുവാവിനെ പോലീസ് വിളിച്ചുവരുത്തി. തുടർന്ന് വിശദമായി ചോദ്യം ചെയ്തശേഷം താക്കീതു നൽകി ഇരുവരെയും വിട്ടയക്കുകയായിരുന്നു.