നടുവണ്ണൂർ: നടുവണ്ണൂരിൽ മുസ്ലീംലീഗ് പ്രവർത്തകന് നേരെ ആക്രമണം. ഇരുമ്പുവടി അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചുള്ള മർദ്ദനത്തിൽ അഴിയൂർ സ്വദേശിയായ ടി.ജി ഷക്കീറിനാണ് പരിക്കേറ്റത്. കാറിലെത്തിയ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവിന് ശരീരത്തിലുടനീളം സാരമായി പരിക്കേറ്റു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അക്രമത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് മുസ്ലീംലീഗ് നേതാക്കൾ ആരോപിച്ചു.
നടുവണ്ണൂർ മന്ദങ്കാവിൽ സ്വകാര്യ ഗോഡൗണിൽ ജോലി ചെയ്യുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് സംഭവം. നാല് എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് ഷക്കീറിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനിടെ മേഖലയിൽ എസ്ഡിപിഐ-മുസ്ലീംലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ഈ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് ശേഷവും ഇരുവിഭാഗങ്ങളും തമ്മിൽ പ്രദേശത്ത് അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ ലീഗ് പ്രവർത്തകർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് നടുവണ്ണൂരിൽ പ്രതിഷേധ ദിനം ആചരിച്ചു. പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.