ബംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ റോയ് (56) ജീവനൊടുക്കിയ നിലയിൽ. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്. തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ബംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. അദ്ദേഹത്തെ ഉടൻ തന്നെ ബംഗളൂരുവിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ED) റെയിഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം.ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരികയാണ്.
സിനിമ നിർമാതാവ് കൂടിയായ റോയ്, കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയിൽ അതികായനായിരുന്നു. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ബില്‍ഡിംഗ് മെറ്റീരിയല്‍സ് തുടങ്ങിയ മേഖലകളിലും സി.ജെ റോയ് സജീവ സാന്നിധ്യമായിരുന്നു.