Trending

കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു; ദുരൂഹതയെന്ന് നാട്ടുകാർ.


കൊയിലാണ്ടി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ കൊല്ലം സ്വദേശി നന്ദകിഷോർ (22), കായംകുളം സ്വദേശി അവിയാൻ (19), പാലക്കാട് സ്വദേശി അഭിനവ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ കുറുവങ്ങാട് അക്വഡറ്റിനു സമീപമാണ് അപകടം.

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിക്കുകയും തുടർന്ന് സമീപത്തെ ഓടയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. അതുവഴി പോയ ഓട്ടോക്കാരൻ ബഹളം വെച്ചു നാട്ടുകാരെ വിളിച്ചുവരുത്തുകയും തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

അതേസമയം സംഭവത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍. അപകടത്തില്‍പ്പെട്ട സ്‌കൂട്ടറിന് പിന്നില്‍ മറ്റേതോ വാഹനം ഇടിച്ചിട്ടുണ്ടെന്ന സംശയം ഉന്നയിക്കുകയാണ് പ്രദേസവാസികള്‍. സ്‌കൂട്ടറിന്റെ പിന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ച നിലയിലാണ്. വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള കേടുപാടുകളും മൂന്നുപേര്‍ക്കും മരണം സംഭവിക്കുന്ന തരത്തില്‍ വാഹനം ഇടിക്കണമെങ്കില്‍ പിറകില്‍ നിന്നോ എന്തോ ഇടിച്ചിട്ടുണ്ടാകുമെന്ന സംശയവുമാണ് നാട്ടുകാര്‍ പങ്കുവെക്കുന്നത്. 

നാട്ടുകാരുടെ ആരോപണത്തെക്കുറിച്ച് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടം നടന്ന സ്ഥലം പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നുണ്ട്. അതിനുശേഷമേ അപകടം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരൂ. സ്കൂട്ടർ അമിതവേഗതയിലായിരുന്നോ അതോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറാണോ എന്നടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

Post a Comment

Previous Post Next Post