തിരുവനന്തപുരം: മലയാള സിനിമയിലെ പരമോന്നത പുരസ്കാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീകുമാരൻ തമ്പി ചെയർപേഴ്‌സനും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഈ മാസം 25ന് പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ ശാരദയ്ക്ക് സമ്മാനിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡ് വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
1945 ജൂണ്‍ 25ന് ആന്ധ്രയിലെ തെന്നാലിയില്‍ വെങ്കിടേശ്വര റാവുവിന്റെയും മലയാളിയായ സത്യവതിദേവിയുടെയും മകളായി ജനനം. സരസ്വതി ദേവി എന്നാണ് യഥാർഥ പേര്. അമ്മയുടെ നിർബന്ധപ്രകാരം സംഗീത പഠനം ആരംഭിച്ചുവെങ്കിലും അത് ശാരദ പൂർത്തിയാക്കിയില്ല. ആറാം വയസ് മുതൽ ഡാൻസ് പഠിച്ചു തുടങ്ങി. ശാരദ ഡാൻസ് പഠിച്ച സ്കൂളിലെ കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ പത്താം വയസ്സിൽ കന്യാസുല്‍കത്തില്‍ അഭിനയിച്ചു. പിന്നീട് ഇതരമുത്ത് എന്ന സിനിമയില്‍ അഭിനയിച്ചു. ഇന്ത്യന്‍ പീപ്പിള്‍ തിയേറ്ററിന്റെ 'ഇരുമിത്രലു', 'അണ്ണാ ചൊല്ലലു' തുടങ്ങിയ നാടകങ്ങളിലെ അഭിനയം ശ്രദ്ധയാകർഷിച്ചതോടെ സിനിമയിലേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടു.
1968ൽ വിൻസെന്റ് സംവിധാനം ചെയ്ത തുലാഭാരം, 1972ൽ അടൂര്‍ ഗോപാലകൃഷ്‌ണന്റെ സ്വയംവരം, 1977ൽ തെലുങ്ക് ചിത്രമായ നിമഞ്‌ജനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശാരദയ്ക്ക് ദേശീയ അവാർഡ് ലഭിച്ചു. തുലാഭാരത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും ശാരദ തന്നെയായിരുന്നു നായിക. താര, ത്രിവേണി എന്നീ സിനിമകളിലെ അഭിനയത്തിന് 1970ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും അവരെ തേടിയെത്തി.
എലിപ്പത്തായത്തിലെ അഭിനയത്തിന് ശേഷം വളരെ വിരളമായി മാത്രമേ ശാരദ മലയാളത്തിൽ അഭിനയിച്ചുള്ളൂ. അഭിനയ പ്രാധാന്യമേറിയ വേഷങ്ങളുണ്ടായിരുന്ന ഒരു മിന്നാമിങ്ങിന്റെ നുറുങ്ങുവെട്ടവും കാശ്മീരവും ചെയ്തതൊഴിച്ചാൽ, ഒരു നീണ്ട ഇടവേളക്ക് ശേഷം മഴത്തുള്ളിക്കിലുക്കത്തിലൂടെയാണു അവർ മലയാളത്തിൽ തിരികെ എത്തിയത്. രാപ്പകൽ, നായിക, അമ്മയ്ക്കൊരു താരാട്ട് എന്നിവയാണ് അതിനു ശേഷം അവർ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലായി 400ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമേ ഭദ്രദീപം എന്നൊരു ചിത്രം നിർമ്മിച്ചു.